top of page

MRI സ്കാൻ - രോഗികൾക്കുള്ള നിർദ്ദേശങ്ങൾ

1. പരിശോധന സമയത്തിന് എത്ര സമയം മുമ്പ് ഞാൻ എത്തിച്ചേരണം?

 

     നിങ്ങൾ പരിശോധനക്ക് സമയം എടുത്ത് കഴിഞ്ഞാൽ, എത്തേണ്ട സമയം ഞങ്ങളുടെ റേഡിയോഗ്രാഫർ നിങ്ങളെ അറിയിക്കുന്നതാണ്. സ്കാനിംഗിനു മുമ്പുള്ള തയ്യാറെടുപ്പുകൾ നടത്താനായി ഏകദേശം 20 - 30 മിനിട്ടുകൾക്ക് മുമ്പ് എത്തിച്ചേരേണ്ടതാണ്. ചില രോഗികൾക്ക് പരിശോധനക്ക് മുൻപായി മരുന്ന് കഴിക്കേണ്ടി വരും. ചില സ്കാനിംഗുകളിൽ കുടലും ആമാശയവും വ്യക്തമായി കാണാൻ ചിലപ്പോൾ കൂടുതൽ മരുന്നുകൾ കുടിക്കേണ്ടതായിവരും. അത്തരം സന്ദർഭങ്ങളിൽ രോഗികൾ 1 മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരേണ്ടതാണ്.

 

2. MRI സ്കാനിംഗിന് മുമ്പ് ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ?

 

     സാധാരണ MRI സ്കാനിംഗിന് ഒരു ടെസ്റ്റും ചെയ്യേണ്ടതില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മരുന്ന് കുത്തിവെച്ചുള്ള സ്കാനിംഗിനു വരുമ്പോൾ ബ്ലഡ് യൂറിയ, സിറം ക്രിയാറ്റിനിൻ എന്നീ ടെസ്റ്റുകൾ ചെയ്യാൻ നിർദ്ദേശിച്ചേക്കാം. ഇത്തരം ടെസ്റ്റുകൾ ആവശ്യം വരുകയാണെങ്കിൽ ഞങ്ങളുടെ റേഡിയോഗ്രാഫറോ, സപ്പോർട്ടിംഗ് സ്റ്റാഫോ നിങ്ങളെ അറിയിക്കുന്നതായിരിക്കും.

3. ഞാനൊരു പേസ്മേക്കറോ, മെറ്റാലിക് മെഡിക്കൽ ഉപകരണങ്ങളോ ഘടിപ്പിച്ച ആളാണെങ്കിൽ MRI സ്കാൻ ചെയ്യാൻ കഴിയുമോ?

 

     നിങ്ങൾ പേസ്മേക്കർ ഘടിപ്പിച്ച ആളോ ഹൃദയ വാൽവ് മാറ്റിവെച്ച ആളോ ആണെങ്കിൽ MRI സ്കാൻ ചെയ്യാൻ സാധിക്കുന്നതല്ല. അതുപോലെ ഹൃദയ ധമനികളിൽ തടസ്സം മാറാൻ ഉപയോഗിക്കുന്ന സ്റ്റെന്റ്, പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന ഇൻസുലിൻ പമ്പ്, രക്ത ധമനികളിലെ വീക്കം മാറ്റാൻ ഉപയോഗിക്കുന്ന കോയിലുകൾ, ക്ലിപ്പുകൾ മുതലായവ ഉള്ള രോഗികൾക്കും MRI സ്കാൻ എടുക്കുവാൻ നിബന്ധനകൾ ഉണ്ട്.

 

4. എന്റെ ശരീരത്തിൽ ലോഹ നിർമ്മിതമായ എന്തെങ്കിലും വസ്തുക്കൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ എനിക്ക് MRI സ്കാനിംഗ് സാധ്യമാണോ?

 

     ശരീരത്തിൽ ഘടിപ്പിക്കുന്ന ലോഹനിർമ്മിത പ്ലേറ്റുകൾ ഉള്ള ഒട്ടുമിക്ക രോഗികൾക്കും ചില നിബന്ധനകളോടെ MRI സ്കാനിംഗ് സാധ്യമാണ്. എന്നിരുന്നാലും വെൽഡിങ് തൊഴിലാളികൾ പോലെയുള്ള ആളുകളിലും വളരെ പഴയ പ്ലേറ്റുകൾ ഉള്ള ആളുകളിലും ചില സാഹചര്യങ്ങളിൽ MRI സ്കാനിംഗിന് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

 

5. ഞാൻ അടഞ്ഞമുറിയെയോ ഇടുങ്ങിയ സ്ഥലങ്ങളെയോ ഭയപ്പെടുന്ന ആളാണെങ്കിൽ എനിക്ക് MRI സ്കാനിംഗ് സാധ്യമാണോ?

 

     ഇത്തരം പേടികൾ നമ്മുടെ ഇടയിൽ സാധാരണമാണ്. ഈ പേടികൾ ഉള്ള രോഗികൾക്ക് ഞങ്ങൾ പ്രത്യേക പരിഗണനയാണ് നൽകുന്നത്. ഞങ്ങളുടെ സ്കാനിംഗ് മെഷീൻ മറ്റു മെഷീനുകളിൽ നിന്നും വ്യത്യസ്തമായതിനാൽ രോഗികളെ കിടത്തുന്ന സ്ഥലം വിശാലവും, സ്കാനിംഗ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം വളരെ കുറവുമാണ്. മാത്രമല്ല, ഞങ്ങളുടെ മെഷീൻ മറ്റു സ്കാനിംഗ് മെഷീനുകളേക്കാൾ വേഗത കൂടിയതായാണ്. ഇതൊക്കെ ഉള്ളതിനാൽ ഇങ്ങനെയുള്ള രോഗികൾക്ക് ഏറ്റവും വേഗത്തിൽ MRI പൂർത്തിയാക്കാനും ശബ്ദം പരമാവധി കുറയ്ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുകൾ തീരെ കുറയ്ക്കാനും സാധിക്കും.

 

മികച്ച പരിശീലനം സിദ്ധിച്ച ഞങ്ങളുടെ റേഡിയോഗ്രാഫർമാർ സദാസമയം രോഗികളെ നിരീക്ഷിക്കുന്നതാണ്. രോഗികളുടെപിരിമുറുക്കം കുറയ്ക്കാനായി സംഗീതം കേൾപ്പിക്കുകയും ആവശ്യമെങ്കിൽ രോഗിയുടെ ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ നിർത്തുന്നതുമായിരിക്കും. 

 

6. ഞാൻ മുലയൂട്ടുന്ന സ്ത്രീ ആണെങ്കിൽ MRI സ്കാനിംഗ് സാധ്യമാണോ?

 

     തീർച്ചയായും സാധ്യമാണ് എന്നുമാത്രമല്ല, മരുന്ന് കൊടുത്തുള്ള MRI സ്കാനിംഗിനു പോലും യാതൊരുവിധ മുൻകരുതലുകളുടെയും ആവശ്യമില്ല. അമേരിക്കൻ കോളേജ് ഓഫ് റേഡിയോളജിയുടെ മാർഗനിർദേശ പ്രകാരം രോഗിക്ക് കൊടുക്കുന്ന മരുന്നിന്റെ വളരെ വളരെ ചെറിയ അംശം മാത്രമേ മുലപ്പാൽ വഴി കുഞ്ഞിന്റെ വയറ്റിലേക്ക് പോവുകയുള്ളു, അത് കുഞ്ഞിന് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുകയില്ല. ആയതിനാൽ സ്കാനിംഗിനു ശേഷവും കുഞ്ഞിനെ സാധാരണ പോലെ മുലയൂട്ടാവുന്നതാണ്.

 

7. ഞാൻ ഗർഭിണിയായിരിക്കുമ്പോൾ എനിക്ക് MRI സ്കാനിംഗ് എടുക്കാൻ സാധിക്കുമോ?

 

     ഗർഭാവസ്ഥയുടെ ആദ്യ 3 മാസങ്ങളിൽ MRI സ്കാനിംഗ് സാധാരണയായി പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും കഠിനമേറിയ കാന്തികവലയങ്ങൾ ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്ക് ഹാനികരമാണെന്ന് ഇത് വരെ ഒരു പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും MRI സ്കാൻ ഗർഭാവസ്ഥയുടെ തുടർന്നുള്ള ഘട്ടങ്ങളിൽ കുഞ്ഞിന്റെയും അമ്മയുടെയും ആന്തരിക അവയവങ്ങളുടെ രോഗനിർണയം നടത്താൻ തികച്ചും സുരക്ഷിതവും ഉപകാരപ്രദവുമാണ്.

 

8. MRI സ്കാനിംഗിന്റെ സമയത്ത് എനിക്ക് ഏത് രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിക്കാൻ കഴിയുക? ആഭരണങ്ങൾ അണിയാൻ സാധിക്കുമോ?

 

     സ്കാനിംഗിന്റെ സമയത്ത് ധരിക്കാൻ ഞങ്ങൾ വസ്ത്രങ്ങൾ നൽകുന്നതാണ്. ഈ സമയത്ത് രോഗിയുടെ ശരീരത്തിലുള്ള ആഭരങ്ങളുൾപ്പെടെയുള്ള എല്ലാ ലോഹനിർമിതമായ വസ്തുക്കളും നീക്കം ചെയ്യേണ്ടതാണ്. രോഗിയുടെ പേഴ്സ് മുതലായ വിലപ്പെട്ട വസ്തുക്കൾ അവരവർ തന്നെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.

 

9. സ്കാനിംഗിന്റെ സമയത്ത് എനിക്ക് ഏത് രീതിയിലുള്ള ഭക്ഷണമാണ് കഴിക്കുവാൻ സാധിക്കുക?

 

     MRI സ്കാനിംഗിന് വരുമ്പോൾ ഭക്ഷണം കഴിക്കുന്നതിനു യാതൊരു വിധ നിയന്ത്രണങ്ങളൊന്നുംതന്നെ ഇല്ല. പക്ഷെ, ചില പ്രത്യേക സ്കാനിംഗിന് ഭക്ഷണ നിയന്ത്രണങ്ങൾ ആവശ്യമായി വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ ഞങ്ങളുടെ സ്റ്റാഫ് നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ്.

 

10. മുമ്പ് ചെയ്ത MRI സ്കാനിംഗിന്റെ സമയത്ത് എനിക്ക് ചില അലർജി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് ഞാൻ ഭയക്കേണ്ടതുണ്ടോ?

 

     MRI സ്കാനിംഗിന് അലർജി പ്രശ്നങ്ങൾ താരതമ്യേന കുറവാണ്. താങ്കൾക്ക് മുമ്പ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നിർബന്ധമായും ഞങ്ങളുടെ സ്റ്റാഫിനെ അറിയിക്കേണ്ടതാണ്. താങ്കളുടെ സ്കാനിംഗ്, മരുന്ന് കുത്തിവെക്കാതെ ചെയ്യുന്ന സ്കാനിംഗ് ആണെങ്കിൽ ഒരു രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. ഞങ്ങളുടെ വിദഗ്ദ്ധരായ സ്റ്റാഫുകൾ സ്കാനിംഗിന് മുമ്പ് അലർജി ടെസ്റ്റുകൾ നടത്തുന്നതായിരിക്കും.

 

ഞങ്ങൾ അലർജിപ്രശ്നങ്ങൾ തീരെ കുറവുള്ള, നിലവാരമുള്ള മരുന്നുകളാണ് സ്കാനിംഗിന് ഉപയോഗിക്കുന്നത്. താങ്കൾ ഇതിന് മുമ്പ് അലർജി പ്രശ്നങ്ങൾ ഉള്ള ആളാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് മറ്റു രോഗനിർണയ സ്കാനുകളോ മരുന്ന് കൊടുക്കാതെയുള്ള MRI സ്കാനോ നിർദ്ദേശിക്കുന്നതാണ്.

വിലാസം

പൊറ്റത്തെപ്പടി

തിരൂർ-ചമ്രവട്ടം റോഡ്

തിരൂർ

676104

ബന്ധപ്പെടുക

പിന്തുടരുക

  • Whatsapp
  • Instagram
  • Facebook
  • Google Places

0494-2086-369

8052-369-369

©2021 Soorya Diagnostics LLP

bottom of page