top of page
NT സ്‌കാൻ - പതിവുചോദ്യങ്ങൾ

 

1. എന്താണ് NT (NUCHAL TRANSLUCENCY) സ്കാൻ? എന്തിനാണ് ഇത് ചെയ്യുന്നത്?

 

     ഗർഭാവസ്ഥയുടെ 11-14 ആഴ്ചകൾക്കിടയിൽ ചെയ്യുന്ന വളരെ പ്രധാനപ്പെട്ട സ്‌ക്‌നാനാണ് NT സ്കാൻ. ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ ആണെന്നും എത്ര ദിവസത്തെ പ്രായമുണ്ടെന്നും ജീവന്റെ തുടിപ്പുണ്ടെന്നും ഉറപ്പ് വരുത്തുന്നതിന് മാത്രമല്ല, വലിയ രീതിയിലുള്ള വൈകല്യങ്ങളും ജനിതക വൈകല്യങ്ങളുടെ സൂചനകളും ഇല്ലെന്ന് ഉറപ്പ് വരുത്താൻ ഈ സ്കാൻ അത്യന്താപേക്ഷിതമാണ്.

 

2. എനിക്ക് യഥാർത്ഥത്തിൽ NT സ്കാനിന്റെയും ജനിതക ടെസ്റ്റുകളുടെയും ആവശ്യമുണ്ടോ? എന്താണ് COMBINED ടെസ്റ്റ്?

 

     35 വയസ്സിൽ കൂടുതലുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് ജനിതക വൈകല്യങ്ങളുടെ സാധ്യത കൂടുതലെങ്കിലും 70 ശതമാനത്തിൽ കൂടുതൽ ജനിതക വൈകല്യങ്ങളുള്ള കുട്ടികൾ ജനിക്കുന്നത് പ്രായം കുറഞ്ഞ അമ്മമാർക്കാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ എല്ലാ ഗർഭിണികളിലും ജനിതക വൈകല്യങ്ങൾക്കുള്ള സാധ്യത അളക്കേണ്ടത് അനിവാര്യമാണ്. അന്തിമമായ അപകട സാധ്യത കണക്കുക്കൂട്ടുവാൻ അമ്മയുടെ പ്രായത്തിന് പുറമെ NT സ്കാനിൽ നിന്ന്  ലഭിക്കുന്ന NT യുടെ അളവ്, മൂക്കിലെ  എല്ലിന്റെ സാന്നിധ്യം, TRICUSPID വാൽവിലെ തികട്ടൽ, അംഗവൈകല്യങ്ങൾ എന്നിവ സഹായിക്കുന്നു. NT സ്കാനിനു പുറമെ ഡബിൾ മാർക്കർ ടെസ്റ്റിലൂടെ അമ്മയുടെ രക്തത്തിലെ രണ്ട് ഘടകങ്ങൾ കൂടി നോക്കുമ്പോൾ അതിനെ COMBINED ടെസ്റ്റ് എന്ന് വിളിക്കുന്നു. ഇങ്ങനെ ചെയ്യുന്ന COMBINED ടെസ്റ്റിന് ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാൻ 95% കൃത്യതയോടെ സാധിക്കും. അമ്മയുടെ പ്രായം മാത്രം കണക്കിലെടുത്താൽ ഇത് വെറും 30% മാത്രമാണ്.

 

3. അൾട്രാസൗണ്ട് സ്കാനിംഗും ബ്ലഡ് ടെസ്റ്റും സുരക്ഷിതമാണോ?

 

     അൾട്രാസൗണ്ട് സ്കാനിംഗ് ഗർഭിണികൾക്ക് പരിപൂർണമായും സുരക്ഷിതമാണ്. X -Ray യെയും CT യെയും പോലെ അൾട്രാസൗണ്ട് സ്കാനിംഗിൽ റേഡിയേഷൻ   ഇല്ല. സാധാരണയായി ഗർഭചികിത്സ നിർണയത്തിന് അൾട്രാസൗണ്ട് സ്കാനിംഗാണ് ഏറ്റവും ഉത്തമം. ഈ സ്കാനിംഗിന്റെ സമയത്ത് അമ്മയുടെ രക്തം  പരിശോധനക്കായി എടുക്കാറുണ്ട്. ഇതിന് വേണ്ടി നമുക്ക് വളരെ കുറഞ്ഞ അളവിലുള്ള രക്തമാണ് ആവശ്യമായി വരുന്നത്. ഇത് കുട്ടിയുടെ ആരോഗ്യത്തെ ഒരിക്കലും ബാധിക്കില്ല.

 

4. NT സ്കാനിംഗിന്റെ അന്ന് തന്നെ ബ്ലഡ് ടെസ്റ്റും എടുക്കേണ്ടതായിട്ടുണ്ടോ?

 

     അതെ. ഭ്രൂണം വളരെ വേഗത്തിൽ വളരുകയും നീളവും NT യും എല്ലാ ദിവസവും വ്യത്യാസപ്പെടുകയും ചെയ്യാറുണ്ട്. ആയതിനാൽ NT സ്കാനിംഗിന്റെ അന്ന് തന്നെ ബ്ലഡ് ടെസ്റ്റുകളും ചെയ്യുന്നത് റിപ്പോർട്ടിന്റെ കൃത്യതക്ക് അത്യന്താപേക്ഷിതമാണ്.

5. COMBINED ടെസ്റ്റ് ഫലങ്ങളിൽ അസാധാരണമായി ഒന്നും ഇല്ലെങ്കിൽ ഞാൻ എന്താണ് അടുത്തതായി ചെയ്യേണ്ടത്?

 

     COMBINED ടെസ്റ്റിൽ അസ്വാഭാവികമായി ഒന്നുമില്ലെങ്കിൽ കുഞ്ഞിന് ജനിതക വൈകല്യങ്ങൾക്കുള്ള സാധ്യത കുറവാണ്. പക്ഷെ ഈ സമയത്ത്  അംഗവൈകല്യങ്ങൾ ഇല്ലെന്ന് ഉറപ്പിച്ച് പറയാനാവില്ല. സാധാരണയായി അഞ്ചാം മാസത്തിലെടുക്കുന്ന അനോമലി സ്കാനിലാണ് അംഗവൈകല്യങ്ങൾ  പരിശോധിക്കുന്നത്. ഭ്രൂണത്തിന്റെ തലച്ചോറിനെയും ഹൃദയത്തെയും കുറിച്ച് പൂർണമായും വിലയിരുത്താൻ നമുക്ക് ഈ സ്കാനിംഗിലൂടെ സാധിക്കും.

 

6. COMBINED ടെസ്റ്റ് ഫലങ്ങളിൽ അസാധാരണത്വം എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ എന്താണ് അടുത്തതായി ചെയ്യേണ്ടത്?

 

     COMBINED ടെസ്റ്റ് എന്നാൽ കുഞ്ഞിന് ജനിതക വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുടെ ഒരു അളവുകോലാണ്. ഒരു സാധ്യത എന്നല്ലാതെ രോഗനിർണ്ണയം  ഈ ടെസ്റ്റിലൂടെ കഴിയില്ല. ആയതിനാൽ കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടോ എന്ന് മനസിലാക്കാനും അടുത്ത ഗർഭധാരണത്തിൽ ഇതിനുള്ള സാധ്യത ഇനിയുമുണ്ടോ എന്ന് അളക്കാനും കൂടുതൽ ടെസ്റ്റുകളുടെ ആവശ്യം ഉണ്ട്. ഏത് ടെസ്റ്റ് ചെയ്യണം എന്നുള്ളത് ഡോക്ടറുമായി ചർച്ച ചെയ്യേണ്ടതാണ്.

 

7. COMBINED ടെസ്റ്റ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെന്താണ് ചെയ്യേണ്ടത്?

 

     ജനിതക വൈകല്യങ്ങളുടെ സാധ്യത കണക്കാക്കാൻ ഏറ്റവും കൃത്യത ഉള്ളത് COMBINED ടെസ്റ്റിനാണ് (95%). ഈ ടെസ്റ്റ് നിർബന്ധമായും 14 ആഴ്ച തികയുന്നതിനു മുൻപ് ചെയ്യേണ്ടതാണ്. ഈ സമയത്ത് ടെസ്റ്റ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ 16 ആഴ്ച മുതൽ എടുക്കാവുന്ന QUADRUPLE ടെസ്റ്റ് ചെയ്യാവുന്നതാണ്. ഇതിന്റെ കൃത്യത ഏകദേശം 80% ആണ്.

 

8. ജനിതക സ്‌ക്രീനിംഗിനുള്ള ടെസ്റ്റുകളും സ്കാനും എല്ലായിടത്തും ലഭ്യമാണോ?

 

     ഈ ടെസ്റ്റുകൾ FETAL MEDICINEന് വേണ്ടി പ്രത്യേകം ക്രമീകരിച്ച സെന്ററുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട നിബദ്ധനകൾക്ക് അനുസരിച്ച് കൃത്യമായി എടുത്ത അളവുകളാണ് ഈ ടെസ്റ്റുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇതിനു വേണ്ടി പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. അളവുകൾ എടുക്കുന്നതിൽ ചെറിയ പിഴവുകൾ വന്നാൽ പോലും റിസൾട്ടുകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാനും അനാവശ്യമായി കുത്തിയെടുത്തുള്ള പരിശോധനകൾക്ക് ഗർഭിണികൾ വിധേയരാകാനും സാധ്യതയുണ്ട്.

സൂര്യയിലെ ഡോക്ടർമാർക്ക് FMF(UK)യുടെ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് മാത്രമല്ല, ആധുനിക സ്കാനിംഗിൽ പരിശീലനം നേടിയവരും വർഷങ്ങളുടെ പ്രവർത്തന പരിചയം ഉള്ളവരുമാണ്.

വിശ്വാസയോഗ്യമായ കൃത്യതയുള്ള റിപ്പോർട്ടുകൾ ലഭിക്കണം എന്നുള്ളത്  ഈ മേഖലയിൽ അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി ഗുണമേന്മയുള്ള ലാബ് അനിവാര്യമാണ്. സൂര്യയിൽ എല്ലാ ടെസ്റ്റുകളും ഉന്നതനിലവാരമുള്ള ലാബുകളിലേക്കാണ് അയക്കുന്നത്.

വിലാസം

പൊറ്റത്തെപ്പടി

തിരൂർ-ചമ്രവട്ടം റോഡ്

തിരൂർ

676104

ബന്ധപ്പെടുക

പിന്തുടരുക

  • Whatsapp
  • Instagram
  • Facebook
  • Google Places

0494-2086-369

8052-369-369

©2021 Soorya Diagnostics LLP

bottom of page