top of page
അനോമലി  സ്‌കാൻ - പതിവുചോദ്യങ്ങൾ

 

1. എന്താണ് Anomaly സ്കാൻ?

 

     ഗർഭത്തിന്റെ അഞ്ചാം മാസത്തിൽ എടുക്കുന്ന സ്കാൻ ആണ് Anomaly സ്കാൻ. ഈ സ്കാനിൽ ഡോക്ടർ നിങ്ങളുടെ കുഞ്ഞിന്റെയും ഗർഭപാത്രത്തിന്റെയും വിശദമായ വിലയിരുത്തലിലൂടെ അസാധാരണത്വങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പ്  വരുത്തുന്നു. കുഞ്ഞിന്റെ ഘടനാപരമായ വൈകല്യങ്ങൾ കണ്ടുപിടിക്കാൻ ഈ സ്കാൻ അത്യാവശ്യമാണ്. സങ്കീർണ്ണമായ സ്കാൻ ആയതിനാൽ 30 മിനുട്ട് വരെ ഇതിന് വേണ്ടി വന്നേക്കാം.

 

2. Anomaly സ്കാൻ നിർബന്ധമായും എടുക്കേണ്ടതുണ്ടോ?

 

     ഉണ്ട്. ഘടനാപരമായ വൈകല്യങ്ങൾ കണ്ടുപിടിക്കാൻ Anomaly സ്കാൻ അത്യാവശ്യമാണ്. നിങ്ങളുടെ ഡോക്ടർക്ക് ഈ സ്കാനിലൂടെ കുഞ്ഞിന് പ്രധാനപ്പെട്ട വൈകല്യങ്ങൾ ഇല്ലെന്നു മനസ്സിലാക്കാനും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമാശ്വസിപ്പിക്കാനും സാധിക്കും. നിർഭാഗ്യവശാൽ കുഞ്ഞിന് വൈകല്യങ്ങൾ എന്തെങ്കിലും കണ്ടുപിടിക്കുകയാണെങ്കിൽ, മികച്ച ചികിത്സ ഏറ്റവും നേരത്തെ കൊടുക്കുവാനും തുടർന്നുള്ള സ്കാനുകൾ വഴി കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിക്കാനും ഈ സ്കാൻ സഹായിക്കും.

3. Anomaly സ്കാൻ ഏതു സമയത്താണ് എടുക്കേണ്ടത്?

 

     Anomaly സ്കാൻ 20 ആഴ്ച്ചയോട് അടുപ്പിച്ചാണ് ചെയ്യാറുള്ളത്. 18 ആഴ്ച്ചക്കും 22 ആഴ്ച്ചക്കും ഇടയിൽ എപ്പോൾ വേണമെങ്കിലും ഈ സ്കാൻ ചെയ്യാവുന്നതാണ്. 

 

4. Anomaly സ്കാൻ വഴി നൂറു ശതമാനം വൈകല്യങ്ങളും കണ്ടുപിടിക്കാൻ സാധിക്കുമോ?

 

     Anomaly സ്കാൻ വഴി നൂറു ശതമാനം വൈകല്യങ്ങളും കണ്ടുപിടിക്കാൻ സാധ്യമല്ല. ഗർഭാവസ്ഥയിൽ വൈകിയുണ്ടാവുന്ന ക്രമക്കേടുകളും ചില സൂക്ഷ്മമായ ബുദ്ധിമുട്ടുകളും ഈ സ്കാനിൽ കണ്ടുപിടിക്കാനാവില്ല.

 

5. Anomaly സ്കാൻ വഴി ഏതൊക്കെ വൈകല്യങ്ങളാണ് കണ്ടുപിടിക്കാൻ സാധിക്കുന്നത്?

 

     Anomaly സ്കാൻ വഴി പ്രധാനപ്പെട്ട എല്ലാ വൈകല്യങ്ങളും കണ്ടുപിടിക്കാൻ സാധിക്കും. കുഞ്ഞിന്റെ തലച്ചോർ, ഹൃദയം, മുഖം, നട്ടെല്ല്, ഉദരം, കൈകാലുകൾ തുടങ്ങിയ അവയവങ്ങളിലെ ക്രമക്കേടുകൾ ഈ സ്കാനിലൂടെ കണ്ടുപിടിക്കാവുന്നതാണ്. കുടലിലെ ചില ബുദ്ധിമുട്ടുകൾ വൈകിയാണ് സ്കാനിൽ പ്രകടമാവുകയെന്നതിനാൽ അവ ഈ സമയത്ത് കാണാൻ സാധിക്കില്ല. ചില ജനിതക വൈകല്യങ്ങളും ഈ സ്കാനിൽ കണ്ടുപിടിക്കാൻ സാധ്യമാണ്.

 

6. Anomaly സ്കാനിലൂടെ എന്റെ കുഞ്ഞിന്റെ കേൾവി, കാഴ്ച്ചശക്തി, ബുദ്ധിശക്തി എന്നിവ മനസ്സിലാക്കാൻ സാധിക്കുമോ?

 

     Anomaly സ്കാൻ വഴി മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും കണ്ടുപിടിക്കാൻ സാധ്യമല്ല.

 

7. 3D/4D സ്കാൻ എന്റെ കുഞ്ഞിന് സുരക്ഷിതമാണോ? ഈ സ്കാൻ ചെയ്യുമ്പോൾ വേദനിക്കുമോ?

 

     3D/4D, Anomaly സ്കാനുകൾ കുഞ്ഞിന് സുരക്ഷിതമാണ്. ഈ സ്കാനുകൾ ചെയ്യുമ്പോൾ വേദന ഉണ്ടാവുകയുമില്ല. അത് മാത്രമല്ല, കുഞ്ഞിനെ ഈ സ്കാനിലൂടെ ഭർത്താവിനൊപ്പമോ കുടുംബങ്ങൾക്കൊപ്പമോ കാണുന്നത് ഹൃദ്യമായ ഒരു അനുഭവമാണ്.

വിലാസം

പൊറ്റത്തെപ്പടി

തിരൂർ-ചമ്രവട്ടം റോഡ്

തിരൂർ

676104

ബന്ധപ്പെടുക

പിന്തുടരുക

  • Whatsapp
  • Instagram
  • Facebook
  • Google Places

0494-2086-369

8052-369-369

©2021 Soorya Diagnostics LLP

bottom of page